രാത്രിയിലെ സ്വപ്നത്തിൽ നിന്നെ ഞാൻ കണ്ടു, നിന്നെ കൺനിറയെ കണ്ടുകൊണ്ടാണ് ഞാൻ ഉറക്കത്തിലേക്ക് വീണുപോയത്.
സൂര്യന്റെ പ്രഭയിൽ പുതിയ പുലരിയിൽ നിൻ ഓർമകളുമായി ഞാൻ സല്ലപിക്കുകയാണ്. ജീവിതത്തിൽ ഞാൻ അനുഭവിച്ച സന്തോഷം എല്ലാം എത്ര വേഗമാണ് ഇല്ലാതെയായത്. നിന്നിൽ നിന്നും അകലേണ്ടി വന്നത് തെല്ലോന്നുമല്ല എന്നേ നിരാശയിലാക്കിയത്.നീ എന്ന മനുഷ്യരൂപത്തെ ഈ ഭൂമിയിൽ വെച്ചു കാണാൻ ഇടയായ ഞാൻ എത്ര ഭാഗ്യവാനാണ്. നിന്നോടൊപ്പം കഴിയാൻ കഴിയാത്തതിൽ ഞാൻ എത്ര നിർഭാഗ്യവാനാണ്.
ഇനിയുള്ള കാലം നമ്മൾ തമ്മിൽ കണ്ടുമുട്ടുമോ എന്നറിയില്ല. നീ എനിക്ക് ഉള്ളത് ആണെങ്കിൽ എത്ര കാലം കഴിഞ്ഞാലും എന്നിലേക്ക് കടന്നുവരുമെന്നുള്ള പ്രതീക്ഷയിൽ തത്കാലം ആശ്വസിക്കാം.
നിന്നെ കാണാൻ കഴിയാത്ത നാളുകൾ തൊട്ട് എന്റെ ഹൃദയം വേദന അനുഭവിക്കുകയാണ്. ഉള്ളിൽ നിന്നോട് അതിയായ സ്നേഹം ഉണ്ടായിട്ടുകൂടി നിന്റെ മുൻപിൽ അവതരിപ്പിക്കാൻ കഴിയാതെപോയതിൽ ഞാൻ എത്ര നിസ്സഹായനായി പോയി എന്നതിൽ എനിക്ക് ഇന്നിപ്പോൾ അതിയായ ദുഃഖമുണ്ട്.
കാലം മായിക്കാത്ത മുറിവുകൾ ഇല്ലായെന്നല്ലേ പറയുക, എന്റെ മനസ്സിലെ ഈ മുറിവുകൾ ഇനി എന്നാണാവോ ഇല്ലാതെയാകുക. നിനക്ക് പകരമായി മറ്റൊരുവൾ കടന്നുവരുമ്പോൾ ഒരുപക്ഷെ ദുഃഖം മാറിയേക്കാം അല്ലേ, എങ്കിലും നിനക്ക് പകരമായി മാറാൻ ഈ ലോകത്ത് മറ്റൊരാൾക്കും കഴിയില്ലല്ലോ.എന്റെ സ്നേഹം നീ ശരിക്കും തിരിച്ചറിയാതെ പോയതാണോ അതോ എല്ലാം ഒരു അഭിനയം ആയിരുന്നുവോ.
നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ തോന്നിയിരുന്നോ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആണെന്ന് ഒത്തിരി നാളുകൾ നേരിൽ കണ്ടിട്ടുപോലും നിനക്ക് മനസ്സിലായില്ലേ, അതോ ഞാൻ എന്റെ ഇഷ്ടം തുറന്നുപറയാൻ കാത്തിരിക്കുക ആയിരുന്നോ.
ഒരുപക്ഷെ എന്നിൽ നിന്നും നീ അകന്നുപോയത് രണ്ടാളുടെയും ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാനായിരിക്കാം.
കാലം എത്ര കഴിഞ്ഞാലും കഴിഞ്ഞകാല അനുഭവങ്ങൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരാം, അന്ന് നമ്മൾ രണ്ടാളും ദുഃഖിച്ചേക്കാം, ലോകം നമ്മളെ ഒന്നിപ്പിക്കാതെ പോയതിൽ ദുഃഖിച്ചിട്ട് കാര്യം ഇല്ലല്ലോ, നമ്മളുടെ സാഹചര്യം മനസ്സിലാക്കി മുന്നോട്ടു പോകുക മാത്രമാണ് ഇനി നമ്മൾക്ക് ചെയ്യാനാകുക.
എന്നേ ഇനി കണ്ടാൽ ഇനി എന്തായിരിക്കും നിനക്ക് എന്നോട് പറയാൻ ഉണ്ടാവുക. നിന്നെ കാണാൻ ശ്രമിക്കാത്തതിൽ നീ എന്നേ കുറ്റപ്പെടുത്തുന്നുണ്ടാവുമോ ഇനി.
ഒരിക്കൽ ഞാൻ നിന്നോട് സംസാരിക്കാൻ വന്നപ്പോൾ, വന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ പറയാൻ കഴിയാതെ പോയതിനാൽ നിനക്ക് താല്പര്യം ഇല്ലായെന്ന ഒറ്റ വാക്കിൽ നമ്മൾ തമ്മിലുള്ള സംസാരം മുറിഞ്ഞുപോയി ഇനി ഒരിക്കലും നമ്മൾ തമ്മിൽ സംസാരം തുടരാൻ എനിക്ക് ആവുമെന്ന് തോന്നുന്നില്ല.ഞാൻ അങ്ങനെയാണ് എന്നേ ഇഷ്ടപ്പെടാത്തവരുടെ മുന്നിൽ ഒരിക്കലും നിഴലായിപോലും ഉണ്ടായിക്കൂടാ എന്നതാണ് എന്റെ നിലപാട്.എനിക്ക് നിന്നിൽ നിന്നും സ്നേഹം കിട്ടാനുള്ള അർഹത ഇല്ലായെന്ന് വിചാരിക്കാം.
പ്രണയം ഒരു മനുഷ്യനിൽ എന്തെല്ലാം വികാരങ്ങൾക്കാണ് കാരണമാകുന്നത്, പ്രണയിക്കാൻ വളരെയേറെ ആഗ്രഹിക്കുന്ന ജനസമൂഹം നമ്മുടെ ചുറ്റിലുമുണ്ട്.
നല്ലൊരു പ്രണയത്തിനുവേണ്ടി വെമ്പൽ കൊള്ളുന്നവർ നമ്മൾക്കിടയിലുണ്ട്. പ്രണയമാകുന്ന തോണിയിൽ ഒരുമിച്ചു സഞ്ചരിക്കാൻ നമ്മൾക്ക് ഇനി എന്നുകഴിയുമോ ആവോ.
എത്രയെത്ര പ്രണയങ്ങളാണ് ഒരു മനുഷ്യനിൽ ഉണ്ടാവുക അവരുടെ ജീവിതകാലത്തു.
കാലം നഷ്ടപ്പെടുത്തിയ പല പ്രണയങ്ങളും തിരികെ വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരും കാണുമോ.
പ്രണയമേ നിൻ ഹൃദയം എന്നിൽ നിന്നും വളരെ ദൂരെ അകന്നുപോയത് എന്തേ, ഇനിയുമൊരു ദിനം നീ എനിക്ക് തരില്ലേ നിന്നെയൊന്ന് വാരിപുണരാൻ.
ഹൃദയം നുറുങ്ങുന്ന അവസ്ഥ എനിക്ക് നിന്നിലൂടെ ഉണ്ടായപ്പോഴും ഞാൻ എന്റെ പ്രണയം കൈവെടിഞ്ഞില്ല, എനിക്ക് പ്രണയം കൈവെടിയാൻ ആകുമെന്ന് തോന്നുന്നില്ല, അത്രയും ആഗാധമായി നിന്നെ ഞാൻ പ്രണയിച്ചു.
അകലങ്ങളിൽ വെച്ച് നിന്നെ കണ്ടാൽ പോലും നിന്റെ സാമിപ്യം എന്നേ എത്രമാത്രം സന്തുഷ്ടൻ ആക്കിയെന്നോ.
എന്റെ ഉള്ളിലെ സ്നേഹം ആരാലും തിരിച്ചറിയാതെ പോയല്ലോ, എങ്കിലും ചന്ദ്രികേ നിൻ ഹൃത്തിൽ എൻ മനം ഒന്നാകുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു.
ആൺ വേഴാമ്പലിനെ കാത്തിരിക്കുന്ന ഇണപക്ഷിയെ പോലെ ഞാനും നിന്നെ കാത്തിരിക്കുന്നു, നമ്മുടെ ഒന്നാകൽ ഈ പ്രകൃതി മഴ പെയ്യിച്ചുകൊണ്ട് ആനന്ദനൃത്തമാടട്ടെ.
നമ്മുടെ വിവാഹം ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ആഘോഷരാവാക്കി മാറ്റട്ടെ. കൊട്ടും പാട്ടും താള മേളങ്ങളുമായി വിവാഹവേദിയിലേക്ക് നടന്നു നിങ്ങാൻ നമ്മൾക്ക് കഴിയട്ടെ.
പ്രപഞ്ചത്തെ സാക്ഷി നിർത്തി നിൻ കഴുത്തിൽ എന്റെ സ്നേഹത്തിന്റെ പ്രതികമെന്നോണം മാല ചാർത്താൻ ഇടവരട്ടെ.
ലോകത്തിന്റെ മായിക കാഴ്ചകൾ കണ്ടു ഒന്നാകുന്ന രാത്രിയിലേക്ക് നമ്മൾ ഇരുവർക്കും പ്രേവേശിക്കാനാവട്ടെ.
നാളിതുവരെയായി എന്നേ തേടിയ കണ്ണുകൾ എന്നേ തൊട്ടരികിൽ കണ്ടുമുട്ടിയ സന്തോഷത്തിൽ ആനന്ദാശ്രുക്കൾ പൊഴിക്കട്ടെ, ഇനിയും ഇതുപോലെ ഒരു ആയുസ്സ് മുഴുവൻ കൂടെ കഴിയാൻ അവസരം കിട്ടാൻ പ്രാർത്ഥിക്കട്ടെ.
ഈ ലോകത്ത് ഞാൻ പിറന്നു വീണപ്പോഴേ എനിക്കായി ഒരുവളെ ഈ ലോകത്തിന്റെ മറ്റൊരു കോണിൽ എനിക്കായി ഈശ്വരൻ സൃഷ്ടിച്ചു വെച്ചു, ആ സൃഷ്ടിയാണ് ഇന്ന് എന്റെ മുൻപിൽ സന്തോഷത്തോടെ ഇരിക്കുന്നത്. നിന്നെ ഞാൻ എത്രയോ നാളുകൾ ആയിട്ട് അന്വേഷിക്കുകയായിരുന്നു.
എന്നിൽ നിന്നും നീ അകന്നുപോയ നിമിഷം തൊട്ട് എന്റെ മനസ്സ് വല്ലാതെ വിഷമിച്ചുപോയി, ഇനി എനിക്ക് തന്നെ കണ്ടുമുട്ടാൻ കഴിയുമെന്ന് നിനച്ചതല്ല. എന്നോടൊപ്പം ഈ പ്രപഞ്ചം കൂടെ നിന്നു അതുകൊണ്ടാ ഇന്ന് നമ്മൾ ഒന്നാകാൻ കഴിഞ്ഞത്.
വരു പ്രാണസഖിയെ നമ്മൾക്ക് ഉറങ്ങാം, പകലിന്റെ ക്ഷിണം മാറ്റാൻ ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാണല്ലോ. ലോകം കിഴടക്കിയ സന്തോഷം ആണ് ഇന്നെനിക്ക്, എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. കാലം ഒരുപാട് കഴിഞ്ഞിട്ടും എന്റെ ഉള്ളിലെ ശക്തമായ ആഗ്രഹം എനിക്ക് സാധിച്ചു തന്നു. ഈ ലോകം നമ്മളുടെ ഒന്നാകലിന് സാക്ഷ്യം വഹിച്ചു.
പ്രണയം അതൊരു വികാരം മാത്രം അല്ല, അതു ഒരു പ്രപഞ്ചസത്യം കൂടെയാണ്. അറിയാത്തവർ തമ്മിൽ അറിയുന്ന ഒരു തരം മാജിക്. ഈ ഭൂമിയിൽ പ്രണയത്തോളം മനോഹരമായതായി മറ്റെന്തെങ്കിലും ഉണ്ടോ.
പ്രണയത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണ് ഒരു മനുഷ്യനിൽ സംഭവിക്കുക.
പ്രണയിക്കാൻ കഴിയാത്ത ആളുകളുടെ ദുഃഖം ഈ പ്രപഞ്ചം ആകെ നിലനിൽക്കുന്നു, ഇനിയും പ്രണയിക്കാൻ ആർക്കും അവസരം നിഷേധിച്ചുകൂടാ. പ്രണയത്തെ അതിന്റെ ശരിയായ അർത്ഥതലങ്ങൾ കണ്ടെത്തി ആരെയും ദ്രോഹിക്കാതെയും ചതിക്കാതെയും കൂടെ കൂട്ടാൻ കഴിയട്ടെ.
പ്രണയത്തിന്റെ മാസ്മരിക നിമിഷത്തിലൂടെ കടന്നുപോകാത്തവർ വളരെ ചുരുക്കമായിരിക്കും. തനിക്കു പറ്റിയ ഇണയെ ഓരോ മനുഷ്യർക്കും കാലത്തിന്റെ തികവിൽ ആവശ്യമായി വന്നുചേർന്നേക്കാം.
പ്രണയം വേണ്ട, വിവാഹജീവിതം വേണ്ട എന്നൊക്കെ ഒത്തിരി ആളുകൾ ചിന്തിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും ദുഃഖങ്ങൾ ഒളിഞ്ഞിരി പ്പുണ്ടാകും.
ഏകാന്തതയിൽ കഴിയാനും ഏകാന്തവാസം നയിക്കാനും ആഗ്രഹിക്കുന്നവരും ഉണ്ടായേക്കാം, താൻ തിരഞ്ഞെടുത്ത വഴികളിൽ പ്രണയവും വിവാഹജീവിതവും നിഷേധിക്കപ്പെട്ടേക്കാം.
ഒരു മനുഷ്യന്റെ ജീവിതത്തിൽ തിരിച്ചറിവ് നേടേണ്ട കാര്യം എന്നത് തനിക്കു ഈ ഭൂമിയിൽ മറ്റാരുടെയും സഹായമില്ലാതെ മുന്നോട്ട് സഞ്ചരിക്കാൻ കഴിയില്ല എന്നതാണ്.
എല്ലാവർക്കും പ്രണയിച്ചു വിവാഹം കഴിക്കാൻ കഴിഞ്ഞെന്നു വരില്ല, എങ്കിലും തന്റെ ജീവിത പങ്കാളി ആയി വരുന്ന വ്യക്തിയെ സ്നേഹിക്കാനും കരുതൽ നൽകാനും മറക്കാതിരിക്കേണ്ടതുണ്ട്.
കുറവുകളെ പരിഹരിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കാലം എത്ര കഴിഞ്ഞാലും നശിച്ചുപോകാത്തതായിട്ട് ഈ ലോകത്തു എന്തെങ്കിലും ഉണ്ടെങ്കിൽ അതു ഒരുപക്ഷെ സ്നേഹമായിരിക്കും.
പ്രണയത്തെ തേടി അലയാൻ നമ്മൾക്ക് ഒരുപക്ഷെ നമ്മൾക്ക് സമയം ഉണ്ടാവണമെന്നില്ല, എങ്കിലും പ്രണയിക്കാൻ ആഗ്രഹിക്കാം, നമ്മുടെ ഉള്ളിലെ ആഗ്രഹം ശക്തമെങ്കിൽ നമ്മളെ ജീവനുതുല്യം സ്നേഹിക്കാൻ കഴിയുന്ന വ്യക്തിയെ നമ്മുടെ കൺവെട്ടത്ത് തന്നെ കാണിച്ചു തന്നേക്കാം ഈ പ്രപഞ്ചം.
നമ്മൾ ഈ ലോകത്തു വന്നതുമുതൽ നമ്മളെ എത്രയോ ആളുകളാണ് സ്നേഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾക്ക് എല്ലാവരിൽ നിന്നും സ്നേഹം ആവശ്യമാണ്. ഈ ലോകം സ്നേഹം കൊണ്ടു നിറയട്ടെ.
നമ്മൾക്ക് ഈ ലോകത്തിൽ നഷ്ടപ്പെടുത്താതെ എക്കാലവും സൂക്ഷിക്കാൻ കഴിയുക സ്നേഹം എന്ന വികാരത്തെയാണ്.
നമ്മളെ അതിയായി സ്നേഹിച്ചവർ ഒരുപക്ഷേ നമ്മളെ അതിയായി വെറുത്തുപോയെന്ന് വന്നേക്കാം. നമ്മളുടെ ജീവിതത്തിൽ നമ്മളുടെ പ്രവർത്തി ആയിരിക്കാം ഒരുപക്ഷെ വെറുപ്പിന് കാരണം ആയിട്ടുണ്ടാവുക.വെറുപ്പ് എന്ന വികാരം നമ്മുടെ മനസ്സിനെ വിഷമയമാക്കും. നമ്മുടെ മനസ്സിനെയും ശരീരത്തെയും തളർത്തിയേക്കാം.
വെറുപ്പിനെ അകറ്റികൊണ്ട് പകരം ക്ഷമ നിറക്കാൻ നമ്മൾക്ക് ആകേണ്ടതുണ്ട്. സ്നേഹം നിലനിർത്തി കൊണ്ടുപോകാൻ ക്ഷമ വളരെയേറെ ആവശ്യമാണ്. ലോകം അത്ഭുതത്തിന് സാക്ഷ്യം വഹിക്കുക ക്ഷമ നമ്മളുടെ ജീവിതത്തിൽ കൂടെ ചേർക്കുമ്പോഴാണ്.
മനസ്സിൽ മറ്റുള്ളവരോട് പ്രതികാരചിന്തയും വിദ്വേഷവുമായി മുന്നോട്ട് പോയാൽ നമ്മുടെ ജീവിതത്തിൽ നിന്നും സന്തോഷവും സംതൃപ്തിയും അകന്നു ഇല്ലാതെയായിപോയേക്കാം.
ഒരുപക്ഷെ നമ്മളുടെ ജീവിതത്തിൽ കിട്ടാതെ പോയ സ്നേഹം, അനുഭവപ്പെടാത്ത സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കാൻ ഒത്തിരിയേറെ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടാവാം, എങ്കിൽ പോലും നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം കൊണ്ടു ജീവിതത്തിൽ ഉയരങ്ങളിൽ എത്താനും സ്നേഹിക്കാനും കഴിയുക തന്നെ ചെയ്യും.
ലോകത്തുള്ള എല്ലാവരും സ്നേഹത്തിൽ ആയിരുന്നു എങ്കിൽ ഈ ലോകത്തിൽ ആർക്കും തന്നെ ദുരിതത്തിലും സങ്കടത്തിലും കഴിയേണ്ടി വരില്ലായിരുന്നു.
നമ്മൾ ആഗ്രഹിച്ചത് നേടാൻ കഴിഞ്ഞില്ല, ഇനി നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയൊന്നും ഇല്ലാതെ ജീവിതത്തിൽ നിരാശപ്പെട്ടു കഴിയാൻ ആണ് വിധി എന്നോർത്ത് ഇരിക്കാതെ നമ്മൾ മുന്നോട്ട് കാലെടുത്തു വെക്കുക, നമ്മുടെ വിജയപാത വെട്ടിതെളിക്കാൻ നമ്മൾ വിചാരിക്കാതെ, മറ്റാർക്കും കഴിയുകയില്ല.
നമ്മൾക്ക് ലഭിച്ച ഓരോ നിമിഷവും ഈ പ്രപഞ്ചം നമ്മൾക്ക് നൽകിയ സമ്മാനമാണ്, നമ്മൾ ആയിരിക്കുന്ന ഈ നിമിഷം തന്നെ ഈ ലോകത്തിൽ നിന്നും മരണം മൂലം വേർപാട് സംഭവിച്ചുപോയ എത്രയേറെ മനുഷ്യരാണുള്ളത്.ലോകത്തിൽ തിന്മകൾ വർധിക്കുമ്പോൾ നഷ്ടപ്പെടുക നമ്മളുടെ ഉറ്റവരും ഉടയവരുമാണ്.
നമ്മളെ ഇത്രയും വളർത്തി വലുതാക്കിയ, നമ്മുടെ ചുറ്റുമുള്ളവരെ നമ്മുടെ വളർച്ചയിൽ വിസ്മരിക്കരുത്.
നമ്മൾ ആർക്കും ഒറ്റക്ക് വളരാൻ കഴിയില്ല, നമ്മൾ ജനിച്ച നാൾ തൊട്ട് നമ്മളുടെ കാര്യങ്ങൾ വളരെയേറെ ശ്രദ്ധയോടെ കാത്തുപരുപാലിച്ച ഈ ലോകത്തിലെ ഓരോ മനുഷ്യരോടും നമ്മൾക്ക് നന്ദി ഉണ്ടാവേണ്ടതുണ്ട്.
മറ്റുള്ളവരുടെ ജീവിതത്തിൽ കണ്ണീർ വിഴ്ത്തിയിട്ട് നേടുന്ന നേട്ടങ്ങൾ ഒന്നും തന്നെ സ്ഥിരമല്ല.
നമ്മൾ ഈ ലോകത്തിലേക്ക് പിറന്നു വീണത് നമ്മൾ ആരും തന്നെ ആഗ്രഹിച്ചിട്ട് അല്ലല്ലോ. ലോകത്ത് നമ്മൾ പല സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാം, ഏതൊരു സാഹചര്യം ആണ് നമ്മൾക്ക് ഇപ്പോൾ ഉള്ളതെങ്കിലും അതെല്ലാം അതിജീവിക്കാൻ ഉറച്ച ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതുണ്ട്.
ഓരോ പ്രഭാതവും മിഴിതുറക്കുക നമ്മൾക്ക് വേണ്ടിയാണ്, ഈ രാവിൽ നമ്മൾക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. ഇന്നലെകളിലെ നഷ്ടങ്ങളെയും ദുരിതം നിറഞ്ഞ അവസ്ഥകളെയും അതിജീവിക്കാൻ കഴിയേണ്ടതുണ്ട്. ജീവിതസാഹചര്യത്തോട് പൊരുതാൻ നമ്മൾക്ക് കഴിയട്ടെ. ഈ സമയവും കടന്നുപോകും നല്ല നാളെകൾ നമ്മളെ തേടിയെത്തും, ഓരോ കഷ്ടപ്പാടിനും പ്രതിസന്ധികൾക്ക് അപ്പുറം നമ്മൾക്ക് പ്രതീക്ഷയുടെ ഒരു ദിനം വന്നുചേരുമെന്ന് പ്രതീക്ഷിക്കാം.
പ്രണയം നിറഞ്ഞ നിമിഷത്തിലൂടെ ഭൂമിയെ ഒരു സ്വർഗം ആക്കി മാറ്റാൻ നമ്മുടെ നല്ല പ്രവർത്തികൾ കൊണ്ടാവട്ടെ.
തളരാതെ പൊരുതാൻ, ജീവിതപ്രതിസന്ധികളിൽ നിന്നും കരുത്ത് നേടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. ഇന്നിന്റെ അവസ്ഥകൾക്ക് തീർച്ചയായും നാളെകളിൽ നല്ലൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മുന്നേറാൻ കഴിയട്ടെ
നമ്മൾ ഓരോരുത്തരും നമ്മൾക്ക് ഉണ്ടാകുന്ന ഓരോ വിജയങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം തോൽവി കളെയും അംഗീകരിക്കാൻ പഠിക്കേണ്ടതുണ്ട്. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നൊരു കാര്യം അവരെ,മറ്റുള്ളവർ അംഗീകരിക്കുക എന്നതിനെപ്പറ്റി യാണ്.നമ്മൾ ഓരോരുത്തർക്കും തെറ്റുകൾ പറ്റാം, തെറ്റ്പറ്റിയാൽ അംഗീകരിക്കാൻ നമ്മൾക്ക് കഴിയണം.മറ്റുള്ളവരിൽ നിന്നും ഒരുപക്ഷെ നമ്മൾക്ക് മോശമായിട്ടുള്ള അനുഭവം എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം, അവരെ, അവരുടെ അപ്പോഴത്തെ മാനസിക അവസ്ഥയെ അംഗീകരിക്കുക എന്നല്ലാതെ അതോർത്തു സങ്കടപ്പെട്ടു നിരാശയിൽ ആകരുത് നമ്മൾ ഓരോരുത്തരും. നമ്മളുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ അംഗീകരിക്കേണ്ടതിനെ അംഗീകരികരിക്കാനും അംഗീകരിക്കാൻ പാടില്ലാത്തതിനെ അംഗീകരിക്കാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
എന്റെ റോസ്മോൾക്കായി എന്ന എന്റെ നോവലിലേക്ക് നിങ്ങൾ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്.
ഞാൻ സ്വപ്നം കാണുന്ന, എനിക്ക് സന്തോഷം നൽകുന്ന അനുഭവം സൃഷ്ടിക്കാൻ കഴിവുള്ള റോസ്മോൾക്ക് വേണ്ടി ഞാൻ എഴുതുകയാണ്.കാര്യം ഞാനൊരു മോട്ടിവേഷൻ എഴുത്തുകാരൻ ആണെങ്കിലും നോവൽ എഴുതാനൊന്നുമുള്ള എഴുത്തുകാരൻ ഒന്നുമല്ല എന്നറിയാം എന്നാലും എന്തെങ്കിലും എഴുതാതിരുന്നാൽ എന്റെ മനസ്സിലെ പ്രണയം നഷ്ടപ്പെട്ടുപോയേക്കാം. പിന്നെ ഞാൻ എഴുതുന്നത് എന്റെ മനസ്സിലെ സങ്കടം ഇതിലൂടെ എങ്കിലും അലിഞ്ഞു ഇല്ലാതെ ആവും എന്നുകരുതിയിട്ടാണ്.
പലർക്കും പ്രണയം എന്നത് ഒരു വികാരമാണ്, ചിലർക്ക് അതൊരുപക്ഷെ സമയം കളയുന്ന പരിപാടിയാണ്.
സ്വന്തം പ്രാണനെക്കാൾ അധികമായി പ്രണയിച്ച വ്യക്തിയിൽ നിന്നും സ്നേഹം തിരികെ കിട്ടുമെന്ന് കാത്തിരിക്കുന്ന ഒത്തിരി മനുഷ്യരുണ്ട്, പ്രണയം നഷ്ടപ്പെട്ടതിന്റെ പേരിൽ തെറ്റായ തീരുമാനം എടുത്തവർ, മറ്റുള്ളവരെ സങ്കടത്തിലാക്കിയവർ, വിണ്ടുവിചാരമില്ലാതെ അപകടത്തിലേക്ക് എടുത്തുചാടിയവർ.
ബാല്യം കഴിഞ്ഞു കൗമാരത്തിൽ എത്തിച്ചേരുമ്പോൾ നമ്മൾ എല്ലാവരും തന്നെ മറ്റുള്ളവരോട് ആകർഷണ വിധേയമായി പ്രണയം ഉടലെടുക്കാറുണ്ട്, ചെറുപ്പത്തിൽ പ്രായത്തിന്റെ പക്വത ഇല്ലായ്മകൊണ്ടു തോന്നിയ എത്രയോ പ്രണയങ്ങൾ പിൽകാലത്ത് ഇല്ലാതെയായി പോയിട്ടുണ്ട്.
പ്രണയകാലത്ത് നിന്നും ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ പലർക്കും അനുഭവം ആകുന്ന കാര്യമാണ് പ്രണയം മാത്രമല്ല ജീവിതമെന്നു.
പ്രണയം ആരിലും ഏതുനിമിഷവും ഉണ്ടാവാം, അതിർത്തികൾ കടന്നു പ്രണയിച്ചു വിവാഹം കഴിച്ചവർ, മറ്റുള്ളവരുടെ നോട്ടത്തിൽ കുറവുകൾ ഉള്ളവർ തമ്മിൽ മാനസികമായ അടുപ്പത്തിന്റെ പേരിൽ കല്യാണം കഴിച്ചവർ.
പ്രണയം എന്തിനോടും തോന്നാം, നമ്മുടെ എല്ലാ പ്രണയവും വിജയത്തിൽ എത്തണമെന്നില്ല, ചിലതൊക്കെ പരാജയപ്പെട്ടെന്ന് വന്നേക്കാം, നമ്മളെ ഇഷ്ടം ഇല്ലാത്തവരുടെ പുറകിൽ ചെന്ന് അവരെ ശല്യം ചെയ്യുന്നത് നല്ലൊരു ഏർപ്പാട് അല്ല. ഓരോ വ്യക്തികൾക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. എന്റെ കാഴ്ചപ്പാട് ഇവിടെ എഴുതാൻ തുടങ്ങിയാൽ അടുത്തകാലത്തൊന്നും തിരുമെന്ന് തോന്നുന്നില്ല. ഈ നോവലിലൂടെ എങ്കിലും ഞങ്ങൾ രണ്ടാളും ഒന്നിച്ചാൽ മതിയായിരുന്നു, വായനക്കാരായ നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
ഈ നോവലിൽ ഞാൻ കാണുന്ന റോസ്മോൾ എന്റെ മനസ്സിലെ സാങ്കൽപ്പിക കഥാപാത്രമാണ്.
ഞാൻ റോസ്മോളിനായി കരുതിവെച്ച സ്നേഹം എന്റെ എഴുത്തിലൂടെ ഞാൻ ഇവിടെ വിവരിക്കുകയാണ്, എന്റെ ഹൃദയനൊമ്പരം ഞാൻ ഇവിടെ ഇറക്കിവെക്കുകയാണ്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നീയെന്റെ ഭാര്യയായി വരണമെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. നിന്നെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മരണം വരെയുണ്ടാകും. സ്നേഹം എന്താണെന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് നിന്നെ കണ്ടതുമുതലാണ്.
നിന്റെ വസ്ത്രധാരണവും നാണം കുണുങ്ങിയുള്ള നടത്തവും ആരെയും ആകർഷിക്കുന്ന രീതിയിലുള്ള സംസാരവും എന്നെ നിന്നിലേക്ക് വളരെ വേഗത്തിൽ അടുപ്പിച്ചു.
ലോകം നമ്മൾ ഒന്നുചേരാൻ ഇപ്പോഴത്തെ സാഹചര്യം നിമിത്തം അനുവദിക്കുന്നുണ്ടാകില്ലായിരിക്കാം, എങ്കിലും ഞാൻ നിനക്കുവേണ്ടി കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കും(അല്ലെങ്കിൽ വേണ്ട എണ്ണക്കൊക്കെ ഇപ്പോൾ എന്താണ് വില), നിനക്കായി കാത്തിരിക്കും.
എന്നേ പോലെ സുന്ദരനും സൽസ്വഭാവിയുമായ ഒരാളെ കിട്ടാതെ പോയതിൽ വിഷമത്തിലാണോ എന്റെ റോസ്മോൾ കഴിയുന്നത്.
ഞാൻ എന്നും റോസ്മോളിന്റെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നത്, ലോകത്തിന്റെ ഏതുകോണിൽ ആയാലും സന്തോഷം ആയിരിക്കുന്നത് കാണാനാണ് ലിജോ ചേട്ടായിക്ക് ഇഷ്ടം.
ലിജോക്ക് റോസ്മോളിനോട് ഇഷ്ടം തുറന്നുപറയാൻ കഴിയാത്തതിൽ അതീവദുഃഖമുണ്ട്, സാരമില്ല ഏതൊരു ദുഃഖത്തിന് അപ്പുറം സന്തോഷത്തിന്റെ നിമിഷങ്ങൾ വന്നുചേരുമെന്നല്ലേ ലോകം നമ്മൾക്ക് നസൽകികൊണ്ടിരിക്കുന്ന അനുഭവപാഠങ്ങൾ.
എന്തായാലും റോസ്മോളിനെ യാദൃശ്ചികമായിട്ട് ആണെങ്കിൽ പോലും കാണാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടവനാണ് ഞാൻ. എനിക്ക് നല്ല ഓർമ്മകൾ സമ്മാനിച്ച ആ നിമിഷങ്ങൾ ഞാൻ എപ്പോഴും ഓർത്തുകൊണ്ടിരിക്കും.
എന്റെ ജീവിതപ്രാരാബ്ദം നിറഞ്ഞ അവസ്ഥയിലേക്ക് ഒരാളെകൂടെ ചേർക്കാനുള്ള അവസ്ഥ ഇല്ലാത്തതുകൊണ്ട് മാത്രമാണ് എനിക്ക്, എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം നിന്റെ മുൻപിൽ തുറന്നു പറയാൻ കഴിയാതെ പോയത്.
ലോകത്തിൽ നമ്മൾ പിറന്നു വീണപ്പോൾ ഒന്നും കൂടെ കൊണ്ടുവന്നിട്ടില്ല , എല്ലാം നമ്മളുടെ നിരന്തരമായുള്ള കഷ്ടപ്പാടിലൂടെ നേടിയെടുക്കുന്നതാണ്.
കഴിഞ്ഞുപോയ അവസരങ്ങൾ ഇനി നമ്മൾക്കു മുൻപിൽ വീണ്ടും എത്തിചെരുമെന്നു പ്രതീക്ഷിക്കുന്നത് പലപ്പോഴും വെറുതെയാണ്, ഇന്ന് ഒരുപക്ഷെ റോസ്മോൾ മറ്റൊരാളുടെ ഭാര്യ ആയിട്ട് സന്തോഷമായി ജീവിക്കുന്നുണ്ടാവുമായിരിക്കും, അതോ എനിക്കായി കാത്തിരിക്കുന്നുണ്ടാവുമോ?.
പ്രണയത്തെ എത്രമാത്രം അലങ്കാരികമായി വർണ്ണിക്കാനാവും.ഓർമ്മകളിൽ എന്നും എന്നോടൊപ്പം എന്റെ പ്രണയിനി ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
സ്നേഹത്തിന്റെ പേരിൽ ഇന്നിപ്പോൾ പലരും ഒത്തിരി വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്, ആഗ്രഹിച്ച സ്നേഹം ലഭിക്കാതെ പോകുമ്പോൾ പലപ്പോഴും സ്നേഹം കിട്ടുന്നിടത്തേക്ക് മനസ്സ് വ്യാപരിക്കാൻ തുടങ്ങും.
ഇന്നലെകളിൽ നമ്മളുടെ ജീവിതത്തിൽ ഉണ്ടായ ദുഃഖങ്ങൾ എല്ലാം ഒരുപക്ഷെ നമ്മുടെ വേണ്ടപ്പെട്ട വ്യക്തികളുടെ സ്നേഹലാളനകളിൽ നിന്നൊക്കെ മോചനം നേടാൻ ഒത്തിരി സഹായിക്കുമായിരിക്കും.
എന്റെ പ്രണയിനിയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അവളെ പറ്റി പറയാൻ നുറുനാവ് ആണ് ഉള്ളത്. അവളുടെ ഉള്ളിൽ എന്നോട് എന്തോ ഒരു ഇഷ്ടം ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എന്നേ ഒരുപക്ഷെ അവൾ ഉള്ളിന്റെ ഉള്ളിൽ വളരെയേറെ സ്നേഹിച്ചു കാണുമായിരിക്കും, പുറമെ സ്നേഹം പ്രകടമാക്കിയില്ലെങ്കിൽ പോലും.
ഒത്തിരി കാലം മുഖം മാസ്ക് വെച്ചതിനാൽ എനിക്ക് കാണാൻ കഴിഞ്ഞില്ല, ഞാൻ ഇടയ്ക്കിടെ എന്റെ മാസ്ക് മാറ്റി കൊടുക്കും അവൾക്ക് എന്നേ ശരിക്കും മനസ്സിലാവാൻ വേണ്ടി.
പ്രണയം നമ്മൾക്ക് ഒത്തിരി ഉന്മേഷം നൽകുന്നുണ്ട്. ആത്മാർത്ഥമായ പ്രണയം ഉണ്ടാവേണ്ടതുണ്ട്, കപടമായ പ്രണയം ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.
എല്ലാ പ്രണയത്തിനും അത്യന്തികമായി ഒരു ലക്ഷ്യം മാത്രമേ ഉണ്ടാവുള്ളു, മുന്നോട്ടു സഞ്ചരിക്കാൻ കൂടെ ആയിരിക്കുക.
ഒരു കുഞ്ഞുകുട്ടിയുടെ മനസ്സാണ് അവൾക്ക്. പെട്ടെന്ന് സങ്കടം വരും, അതുപോലെ നല്ലതുപോലെ സംസാരിക്കും അവളുടെ വേണ്ടപ്പെട്ടവരോട്.
പ്രണയകാലം ഞാൻ ശരിക്കും എൻജോയ് ചെയ്തു, അവളെ കണ്ട നാൾ മുതൽ ഞാൻ ഭാവി ജീവിതത്തെപറ്റി ഒത്തിരി സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി, അവളുടെ മുഖം മനസ്സിൽ നിന്നും മായാതിരിക്കാൻ അവളുടെ മുഖചായ സാമ്യം ഉള്ള നടിമാരുടെ സിനിമകൾ കാണാൻ തുടങ്ങി.
പ്രണയം ഒരു മായാജാലം തീർക്കുന്ന കാര്യമാണ്. പ്രണയം നഷ്ടപ്പെട്ടാൽ ഒട്ടുമിക്കവരും വളരെയേറെ നിരാശയിൽ ആയിപോകാറുണ്ട്.
പ്രണയം നഷ്ടപ്പെട്ടാലും പ്രണയകാലത്തെ നല്ല ഓർമ്മകൾ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. ഇനിയുള്ള ആയുസ്സിൽ നിന്നെ ഒന്നു കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാകുമോ എന്തോ.
പ്രണയം നമ്മൾക്ക് ഒത്തിരി അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്.
പ്രണയം എന്ന വികാരം നമ്മളെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്.
എനിക്ക് പല പ്രായത്തിലും പലരോടും പ്രണയം തോന്നിയിട്ടുണ്ട്, ഞാൻ ആരോടും പ്രണയം തുറന്നു പറയാൻ പോയിട്ടില്ലെങ്കിലും എന്റെ നോട്ടത്തിൽ നിന്നും ഞാൻ നോക്കുന്ന വ്യക്തിക്കു പ്രണയം മനസ്സിലായി. ഞാൻ അവളെ നോക്കികൊണ്ടിരുന്നു, അവൾ എന്നെയും നോക്കികൊണ്ടിരുന്നു ഞങ്ങൾ രണ്ടാളും കണ്ണിലൂടെ സ്നേഹം കൈമാറി. ഒരുപക്ഷെ മനുഷ്യർ തമ്മിൽ വേർതിരിവുകൾ ഉണ്ടായിരുന്നില്ല എങ്കിൽ ഞങ്ങൾ തമ്മിൽ പണ്ടേ ഒരുമിച്ചേനെ. ഞാൻ അവളെ പൈപ്പിന്റെ ചുവട്ടിൽ പാത്രം കഴുകാൻ വേണ്ടി വരുമ്പോഴാണ് ആദ്യമായി കാണുന്നത്, അന്ന് മുതൽ ഞാൻ അവളെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി. കുറേ നാളുകൾ അവളോടുള്ള ഇഷ്ടം കൊണ്ട് നടന്നു, ആ കൊച്ചിന് എന്നേ പെരുത്ത് ഇഷ്ടം ആയിരുന്നു, പക്ഷെ എന്റെ നെഞ്ചിൽ വല്ലാത്ത പിടച്ചിൽ ആയിരുന്നു, ഈ ബന്ധം തുടർന്ന് പോയാൽ ഒരു പക്ഷെ ഭാവിയിൽ പ്രശ്നം ഉണ്ടായാലോ എന്നോർത്തു ഞാൻ ആ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു. ഒരു പ്രണയം അവിടെ ഇല്ലാതെയായി ഈ ലോകത്തിലെ വ്യവസ്ഥിതിയാണ് എന്നേ പ്രണയത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്. അവളെ പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ മഞ്ഞു വീഴുന്ന ഒരു അനുഭവം ആയിരുന്നു പലപ്പോഴും ഉണ്ടായിട്ടുള്ളത്.
പോയ കാലം ഒരാളുടെയും ജീവിതത്തിൽ തിരികെ വരില്ല. അവൾ നൽകിയ നല്ല ഓർമ്മകൾ മനസ്സിൽ കൊണ്ടുനടക്കാനേ കഴിയുകയുള്ളു.
പ്രായത്തിന്റെ തോന്നലാണ് ആദ്യമൊക്കെ നമ്മളിൽ പ്രണയം ജനിപ്പിക്കുക, ഞങ്ങളുടെ ക്ലാസ്സിൽ രണ്ടു മുന്ന് പേർക്ക് മാത്രമാണ് പ്രണയം ഉണ്ടായിട്ടുള്ളൂ, ഉള്ളവർക്ക് ഒക്കേ ആണെങ്കിൽ ക്ലാസ്സിൽ തന്നെ ഉള്ളവരോടാണ്, എനിക്ക് മാത്രം വേറെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോടും. എന്റെ പ്രണയം ക്ലാസ്സിൽ പടർന്നു. ഞാൻ പ്രണയം ഉള്ളിലൊതുക്കി നടന്നു ഇരുകുട്ടർക്കും സങ്കടം ഉണ്ടെങ്കിൽ കൂടിയും.
അഞ്ചാമത്തെ ക്ലാസ്സ് മുതൽ പത്താമത്തെ ക്ലാസ്സ് വരെ ആണുങ്ങൾ മാത്രം പഠിക്കുന്ന സ്കൂളിൽ ആയിരുന്നതിനാൽ പ്രേമിക്കാനുള്ള സാഹചര്യം ഒന്നും കിട്ടിയില്ല.
പ്രേമിക്കുന്ന സമയത്തു സമയം സഞ്ചരിക്കുന്നത് അറിയുകയേ ഇല്ല. എത്ര മഹത്തരമായ അനുഭൂതിയാണ് പ്രേമിക്കുമ്പോൾ കിട്ടുക.
പ്രേമം എത്ര പെട്ടെന്നാണ് ഒരാളുടെ മനസ്സ് കിഴടക്കുക.
നമ്മൾ മനുഷ്യർക്ക് പ്രണയം എന്ന വികാരം ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
ഒട്ടുമിക്ക എല്ലാ മനുഷ്യരും അവരുടെ ഇണയെ അന്വേഷിക്കുക സ്വഭാവികമാണ്.
പ്രണയം നഷ്ടപ്പെടുമ്പോൾ ഒരാൾക്ക് ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് മറ്റൊരാൾക്കും ഊഹിക്കാൻ കഴിയണം എന്നില്ല. പലരും വളരെയേറെ ആഗ്രഹത്തോടെ, പ്രതീക്ഷയോടെ ജീവന് തുല്യം സ്നേഹിക്കുമ്പോഴായിരിക്കും ഒരു സുപ്രഭാതത്തിൽ അവരെ ഒഴിവാക്കി പോകുക.
ഒത്തിരി നാൾ പ്രണയനഷ്ടം ഉള്ളിൽ ഒരു സങ്കടം തീർത്തുകൊണ്ടിരിക്കും. അതിന്റെ മുറിവ് ഉണങ്ങാൻ അതിന്റെതായ സമയം ആവശ്യമാണ്. എല്ലാവർക്കും തങ്ങളുടെ പ്രണയഓർമ്മകൾ എളുപ്പം മറക്കാൻ കഴിയില്ല. ആരോടും സങ്കടം പങ്കുവെക്കാൻ കഴിയാതെ ഉള്ളിൽ നീറി നീറി കഴിയുന്നവരുണ്ട്. നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപക്ഷെ നഷ്ടപ്പെട്ടതിനേക്കാൾ നല്ലൊരു വ്യക്തിയെ കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.
കാലം മായിക്കാത്ത മുറിവുകൾ ഇല്ല, ഒരുപാട് നാളുകൾ കഴിഞ്ഞു മറ്റൊരാൾ നമ്മളുടെ ജീവിതത്തിലേക്ക് വന്നു കഴിയുമ്പോൾ നമ്മളുടെ ജീവിതം കുറേകൂടി കളർഫുൾ ആകും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക.
ജീവൻ നിലനിർത്തുകയാണല്ലോ പ്രണയത്തെക്കാൾ വലുതായിട്ട് ഉള്ളത്. ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനു പകരമാകില്ല ഒരു പ്രണയവും.
പ്രണയം നമ്മൾക്ക് നൽകിയ അനുഭവങ്ങൾ ഓരോന്നും നമ്മളെ കരുതുള്ളവരായി മാറ്റേണ്ടതുണ്ട്.
വിശാലമായ ലോകം നമ്മൾക്ക് ഒത്തിരി അവസരങ്ങൾ നൽകുന്നുണ്ട്, ഓരോ അവസരവും കൃത്യമായി വിനിയോഗിക്കാൻ നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കുക. നമ്മൾ വിചാരിച്ചതുപോലെ മാത്രം നമ്മളുടെ ജീവിതത്തിൽ സംഭവിക്കണം എന്നില്ല.
നമ്മളുടെ ജീവിതത്തിൽ ആരെയും ചതിക്കാതെയും ദ്രോഹിക്കാതെയും ഇരിക്കുക. ഒരു നല്ല മനുഷ്യനായി ജീവിച്ചു മരിക്കുക. പ്രണയം മാത്രം അല്ല ജീവിതത്തിൽ സംഭവിക്കേണ്ടത്. പ്രണയം ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് എന്നുള്ളു.
പ്രണയം നമ്മൾക്ക് ഈ ലോകത്തുള്ള മനുഷ്യരോട് മാത്രമല്ലല്ലോ തോന്നുക. ചില കാര്യങ്ങളിൽ നമ്മൾക്കു പെട്ടെന്ന് പ്രണയം ഉണ്ടായെന്നു വരില്ല. നമ്മുടെ പ്രണയം എത്ര കാലം നമ്മോടൊപ്പം ഉണ്ടാകുമെന്നു ആർക്കും തന്നെ ഉറപ്പു പറയാൻ കഴിഞ്ഞെന്ന് വരില്ല.
ഹൃദയത്തിൻ തന്ത്രികളിൽ ഹൃദയ രാഗമുണർത്തുമെൻ പ്രണയം സംഗീതമഴ എന്നിൽ ചൊരിയട്ടെ.
കാലത്തിൻ മാന്ത്രിക ചെപ്പ് തുറന്നു എൻ മനസ്സിൽ കുളിരാർന്ന ഓർമ്മകൾ പുത്തുലയട്ടെ.
നക്ഷത്രം ആകാശങ്ങളിൽ മിന്നിത്തിളങ്ങും പോലെ നീ എൻ ഹൃത്തിൽ എന്നും ഒരു പ്രകാശമായി മിന്നി തിളങ്ങട്ടെ.
ആരും ഇല്ലെങ്കിൽ കൂടിയും സഖിയെ നിൻ സാന്നിധ്യം ഞാനേറെ കൊതിക്കുന്നു, എന്നേ തേടി മാൻ കിടാവായി നീ എൻ ചാരത്തുവന്നാലും പ്രിയ സഖിയെ.