277.മാതൃക.
സമ്പൽ സമൃദ്ധിയിൽ വിശ്രമം നൽകി ജീവിക്കാൻ കഴിയുമായിരുന്നിട്ടും ഒരു പാട് മണിക്കൂറോളം ജോലിയിൽ മുഴുകിയിരിക്കുന്ന എത്രയോ വ്യക്തികളുണ്ട്.ഒരാൾ ചെയ്യുന്ന നല്ല കാര്യങ്ങളാണ് നമ്മൾ മാതൃകയാക്കേണ്ടത്.
എത്ര വ്യക്തികളാണ് തങ്ങളുടെ വയസ്സ് കാലത്തു പോലും മറ്റുള്ളവർക്ക് അനുകരിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ആരോരും തുണയില്ലാതെ, പരസഹായം ഇല്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത ഒത്തിരി മനുഷ്യർക്ക് സ്നേഹവും പരിചരണവും നൽകി, മരണം വരെ അവരെ ശുശ്രിച്ചു ജീവിക്കുന്ന വ്യക്തികൾ, അവരൊന്നും ഈ ലോകത്തിലെ നേട്ടങ്ങൾ ഒന്നും ആഗ്രഹിച്ചു വന്നവരല്ല.ഈ ലോകത്തിൽ കിട്ടാവുന്ന എല്ലാവിധ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു വന്നവരാണ്.അവരെ പ്രേരിപ്പിച്ചത് ആകട്ടെ അവർക്ക് അനുകരിക്കാൻ തക്ക പ്രചോദനം ഏകിയ വ്യക്തികളാണ്.
ഏതൊരു മനുഷ്യനും തെറ്റുകൾ സംഭവിക്കുക സ്വഭാവികമാണ്. തെറ്റുകൾ സംഭവിച്ചാൽ തിരുത്താനുള്ള ആർജവം കാണിക്കണം. വേണ്ടത്ര സാമ്പത്തിക ചുറ്റുപാടുകൾ, സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും കിട്ടുന്ന സമയം മുഴുവൻ പഠിച്ചുകൊണ്ട് ഉന്നതപഠനത്തിന് അർഹത നേടുകയും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തികളുണ്ട്, അവരുടെ ജീവിതം നമ്മൾക്ക് എല്ലാവർക്കും മാതൃകയാണ്, തന്റെ അസൗകര്യങ്ങൾക്ക് നടുവിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് വളർന്നു വിജയം നേടിയവർ. നല്ലത് കണ്ടാൽ നല്ലത് ആണെന്ന് നമ്മൾക്ക് പറയാൻ സാധിക്കണം. സമൂഹത്തിൽ ഉണ്ടാകുന്ന നല്ല മാതൃകകൾ നമ്മൾക്കെന്നും പ്രചോദനം ആകട്ടെ.