Choose your language

17 December 2021

// // Subscribe YOUTUBE Channel

I have a suspicion


ഇന്നത്തെ വിഷയം
എനിക്ക്
ഒരു സംശയം ഉണ്ട് എന്നതിനെക്കുറിച്ചാണ്....(നിനക്ക് സംശയം ഉണ്ടെങ്കിൽ കയ്യിൽ തന്നെ വെച്ചേക്ക് ഞങ്ങളോട് ചോദിക്കാൻ നിൽക്കേണ്ട...)

ഇതു വായിച്ചു കഴിയുമ്പോൾ നിങ്ങളിൽ പലർക്കും ഉണ്ടാവാൻ സാധ്യത ഉള്ള സംശയങ്ങൾക്ക് ഒരു പരിധി വരെ ഉത്തരം കിട്ടും കിട്ടട്ടെ എന്നാണ് എന്റെ ആഗ്രഹം, എന്റെ ആഗ്രഹം എന്തായാലും നടക്കാൻ പോകുന്നില്ല(പിന്നെ ഓടാൻ ആണോ പോകുന്നത് എന്ന് ആരും സംശയിക്കില്ലല്ലോ അല്ലേ )കാരണം ഓരോ മനുഷ്യർക്കും ഓരോ കാര്യത്തിലും ജീവിത അവസാനം വരെ സംശയം ഉണ്ടാകും........നിങ്ങളിൽ പലരും ഇതൊക്കെ എന്തിന് ഇവിടെ പറയുന്നു എന്ന് ഇപ്പോൾ സംശയിച്ചേക്കാം.....

ഏതൊരു മനുഷ്യനും സംശയം ഉണ്ടാവാം, ഉണ്ടാവാതിരിക്കാം.... നമ്മളിൽ ഏറെ ആളുകൾക്ക് നമ്മൾ ഒരു സംശയം പൊതു സമൂഹത്തിന്റെ മുൻപിൽ വെച്ചു ചോദിച്ചാൽ ഒരു പക്ഷെ മറ്റുള്ളവർ നമ്മളെ കളിയാക്കിയാലോ എന്നൊരു ചിന്ത ഉണ്ടാവാം.....അതുകൊണ്ട് തന്നെ നമ്മൾ പല കാര്യത്തിൽ നിന്നും പിന്നോട്ട് പോകുന്നു........

നമ്മൾ ആരും എല്ലാം തികഞ്ഞവർ അല്ലല്ലോ, ഓരോ പുതിയ കാര്യവും ചെയ്യുമ്പോഴും സംശയങ്ങൾ ഉണ്ടാവും സ്വാഭാവികം..... ഞാൻ എവിടെ ജോലി ചെയ്താലും അവിടെ എനിക്ക് ഒത്തിരി സംശയങ്ങൾ ഉണ്ടാവാറുണ്ട്., എന്നേ കൊണ്ട് ജോലി ചെയ്യിക്കുന്നവർക്കും സംശയിക്കാം ഇവനെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുമോ എന്ന്.... എന്റെ സംശയങ്ങളുടെ വാതിൽ ചെറുതായി ഞാൻ തുറക്കുമ്പോൾ തന്നെ അവിടെയുള്ള സ്റ്റാഫ്ഒടുവിൽ ഇതിനുമാത്രം സംശയം എവിടെ നിന്നും വരുന്നു എന്നു എന്നോട് സംശയം ചോദിക്കാറുണ്ട്....ഒടുവിൽ ഞാൻ പറയും നിങ്ങൾക്കിപ്പോൾ സംശയം ഉണ്ടായത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് എനിക്കും സംശയം ഉണ്ടാകുന്നത് എന്ന്, അല്ലാതെ ഞാൻ അമേരിക്കയിൽ പോയി സംശയം വാരികൊണ്ട് വരുന്നത് അല്ല എന്ന് .

കുറച്ചു നാളുകൾക്കു മുൻപ് എന്നോട് ഓഫീസിലെ അലമാരയുടെ താക്കോൽ എവിടെ വെക്കണം എന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തി ചോദിച്ചപ്പോൾ ഞാൻ കഴുത്തിൽ ഇട്ടോളാൻ പറഞ്ഞു..... പിന്നെ ഞാൻ നോക്കുമ്പോൾ ആൾക്ക് മിണ്ടാട്ടം ഇല്ല.... പിന്നെ ഞാൻ കുറെ ഏറെ സംസാരിച്ചിട്ടാണ് ഒന്നു അയാളെക്കൊണ്ട് സംസാരിപ്പിച്ചത്... ഒടുവിൽ അയാളോട് ഞാൻ ചോദിച്ചു, ഞാൻ പറഞ്ഞത് വിഷമം ആയോ എന്ന്.... വിഷമം ഇല്ല എന്നൊക്കെ അയാൾ പറഞ്ഞു.... ഞാൻ അന്നേരം പറഞ്ഞു, ഞാൻ ഒരു കോമഡിക്ക് വേണ്ടി പറഞ്ഞതാണ് എന്ന്...

ഒരാൾ നമ്മളോട് സംശയം ചോദിച്ചാൽ നമ്മൾക്ക് അറിയാമെങ്കിൽ അതിനു കൃത്യമായി ഉത്തരം നൽകാൻ കഴിയണം....സാധിക്കുമെങ്കിൽ നമ്മൾ നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം....(മറ്റുള്ളവർക്ക് ഉപകാരപ്രദം ആകുമെങ്കിൽ)

(എന്റെ/നമ്മളുടെ വ്യക്തിപരമായ കാര്യങ്ങൾ എല്ലാം എനിക്ക്/നമ്മൾക്ക് മറ്റുള്ളവരുമായി പങ്കുവെക്കാൻ ആവില്ലല്ലോ...).

കഴിഞ്ഞ ദിവസം ബസിൽ കയറി യാത്ര ചെയ്യവേ പുറത്തു നിൽക്കുന്ന ഒരാൾ എന്നോട് ബസ് ഇന്ന സ്ഥലത്തേക്ക്(ഇന്ന എന്ന് പറയുന്ന സ്ഥലം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ അല്ലേ ) പോകുമോ എന്ന് ചോദിച്ചു.... ഞാൻ ബസ് വേറെ റൂട്ടിലുടെ കറങ്ങി അയാൾ പറഞ്ഞ സ്ഥലം ടച്ച്ചെയ്യാതെ ആണ് പോകുന്നത് എന്ന് കരുതി ബസ് അവിടേക്ക് പോകില്ല എന്ന് പറഞ്ഞു, കുറച്ചു കഴിഞ്ഞു കണ്ടക്ടർ അയാളോട് പറഞ്ഞു ബസ് അയാൾ പറഞ്ഞ സ്ഥലത്തേക്ക് പോകുമെന്ന്.... അപ്പോൾ തന്നെ ഞാൻ അടുത്തിരുന്ന ആളോട് ചോദിച്ചു ബസ് അവിടേക്ക് പോകുന്ന കാര്യം ഉറപ്പാക്കി.(കണ്ടക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് സംശയിക്കേണ്ട കാര്യം ഇല്ലല്ലോ....) അയാൾ ചോദിച്ചപ്പോൾ എനിക്ക് തെറ്റായ ഉത്തരം പറയാൻ ഇടവന്നത് എനിക്ക് പറഞ്ഞ സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടത് എങ്കിലും അവിടേക്ക് ബസ് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതു കൊണ്ടാണ്..ഞാൻ ടിക്കറ്റ് എടുത്തതിനുശേഷം ആയിരുന്നു എങ്കിൽ ഞാൻ അയാൾക്ക് തെറ്റ് പറഞ്ഞു കൊടുക്കില്ലായിരുന്നു...

നമ്മളിൽ പലരെയും പുറകിലേക്ക്, പല കാര്യങ്ങളും ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് സംശയങ്ങളാണ്..... പരിക്ഷ എഴുതിയാൽ ജയിക്കുമോ, ഇന്റർവ്യൂവിൽ പങ്കെടുത്താൽ ജോലി കിട്ടുമോ അങ്ങനെ നിരവധി കാര്യങ്ങളുണ്ട് സംശയിക്കാൻ ആണെങ്കിൽ.....

നമ്മൾ കയറാൻ പോകുന്ന ബസ് ഇടിക്കും എന്ന് സംശയിച്ചാൽ ഒരിക്കലും ബസിൽ കയറാൻ കൂട്ടാക്കില്ലല്ലോ..

എന്ത് കാര്യത്തിലും ആവശ്യത്തിൽ കൂടുതൽ സംശയം ഉണ്ടാവാൻ പാടില്ല..നമ്മുടെ പ്രവർത്തനത്തെയും കാര്യക്ഷമതയെയും ഒരു പക്ഷെ ബാധിച്ചേക്കാം..

ചില ആളുകൾ പടം വരച്ചത് കണ്ടാൽ ഒറിജിനൽ ഏതാണ്, വരച്ചത് എതാണ് എന്ന് സംശയിച്ചു പോകും....

നമ്മൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും സാധനം നഷ്ടപ്പെടുകയും സന്ദർഭത്തിൽ യാതൊരു ഉറപ്പും ഇല്ലാത്ത, നമ്മൾക്ക് സംശയം തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവരോട് ഒരു കാരണവശാലും വിളിച്ചു പറയരുത്, നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും വരെ....

ഞാൻ പണ്ടൊരിക്കൽ ഒരു സ്ഥാപനത്തിൽ ജോലിയിൽ ആയിരിക്കെ ഓഫീസിൽ നിന്നും ഞാനാണ് അവസാനമായി ഇറങ്ങുന്നത് എങ്കിൽ അലമാര പൂട്ടി താക്കോൽ എടുത്തു വെച്ചിട്ടാണ് പോകാറുള്ളത്, ഒരു ദിവസം രാവിലെ ഓഫീസിൽ ചെന്ന് നോക്കുമ്പോൾ അലമാര തുറന്നു കിടക്കുന്നു..... എനിക്ക് സംശയമായി.... തലേദിവസം ഞാൻ പൂട്ടിയില്ലേ എന്ന്, ഇനി ആരെങ്കിലും പൂട്ട് തുറന്നിട്ട്അടക്കാൻ വിട്ടുപോയതാണോ എന്ന് ..... എനിക്ക് ആണെങ്കിൽ മറ്റു ചിലരെ സംശയം ഉണ്ടായി, രാവിലെ അവിടെ വരേണ്ട സാഹചര്യം ഇല്ലാത്ത ആളുകൾ വന്നപ്പോൾ..... എന്റെ കൂടെയുള്ളവർ പറഞ്ഞു നിനക്ക് ആരെയാണ് സംശയം എന്ന് പറയാൻ ..... ഞാൻ പറഞ്ഞു ഞാൻ ഒരിക്കലും പറയില്ല എന്ന് .... കാരണം ഞാൻ വെറും എന്റെ ഒരു തോന്നൽ പറഞ്ഞാൽ കേൾക്കുന്ന വ്യക്തികളിൽ ഞാൻ ആരെ കുറിച്ചാണോ പറയുന്നത് അവരോടുള്ള മതിപ്പ് നഷ്ടപ്പെടാൻ ഇടയാകും അവർ നിരപരാധി ആണെങ്കിൽ കൂടിയും.... ഒടുവിൽ എന്റെ സംശയം ദുരികരിക്കാൻ സിസിടീവി പരിശോധിച്ചു, അതിൽ നിന്നും ഞാൻ അലമാര പൂട്ടാതെയാണ് പോയത് എന്ന് മനസ്സിൽ ആയി..ഞാൻ ആരോടെങ്കിലും എന്റെ സംശയം പറഞ്ഞാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാകുമായിരുന്നു, ഞാൻ സാഹചര്യം ബുദ്ധിപൂർവം ഒഴിവാക്കി..

നമ്മൾ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അയാൾ ശരിക്കും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക, ഒരു സംശയത്തിന്റെ പേരിൽ ആരെയും തെറ്റുകാർ ആക്കാൻ പാടില്ല....

കഴിഞ്ഞ ദിവസം ഒരു വ്യക്തിയെ തെറ്റുകാരിയായി ചിത്രീകരിച്ചു സമൂഹ മധ്യത്തിൽ അപമാനിച്ച സംഭവം ഉണ്ടായി.... ഇന്നിപ്പോൾ വലിയൊരു തുകയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.അവർക്ക് നഷ്ടപരിഹാരം ചോദിക്കാനുള്ള അർഹതയുണ്ട്.....

മാനനഷ്ടം എന്ന് പറയുന്നത് ഏതൊരാൾക്കും ഒത്തിരി വിഷമം ഉളവാക്കുന്ന കാര്യമാണ്.....

കുറച്ചു നാളുകൾക്കു മുൻപ് ഒരു വ്യാപാരസ്ഥാപനത്തിന്റെ മുതലാളിക്ക് ഒരു മെസ്സേജ് കിട്ടി, തന്റെ ജീവനക്കാരൻ ആയിട്ടുള്ള മാനേജർ കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്നു എന്നു പറഞ്ഞു....മുതലാളിക്ക് ഒരിക്കലും മെസ്സേജ് വിശ്വസിക്കാൻ കഴിഞ്ഞില്ല..കാരണം മാനേജരെ അത്രക്കും വിശ്വാസം ആയിരുന്നു... എങ്കിലും മുതലാളി സംശയം തീർക്കാൻ സിസിടീവി പരിശോധിച്ചു, സംശയം ശരിയാണെന്നു തിരിച്ചറിഞ്ഞു..... മാനേജരെ ഉടനെതന്നെ ജോലിയിൽ നിന്നും പുറത്താക്കി......

എന്റെ സംശയങ്ങൾ കാരണം പലർക്കും എന്നേ അവരുടെ കൂടെ ജോലിക്ക് എടുക്കാൻ പ്രയാസമാണ്... അവർ പറയുന്ന കാര്യം സംശയം ഒന്നും ലിജോ ചോദിക്കില്ലെങ്കിൽ കൂടെ കൂട്ടാം എന്നാണ്.... എനിക്ക് അത് പറ്റില്ല.... അയാൾ വർഷങ്ങൾ ആയി ചെയ്തു കൊണ്ടിരിക്കുന്ന തെറ്റ് എനിക്ക് ആവർത്തിക്കാൻ കഴിയില്ല......

എനിക്ക് മുൻപിൽ കടന്നു വരുന്ന സംശയങ്ങൾക്ക് നാളുകൾ കഴിഞ്ഞു ആയാലും ഉത്തരം കിട്ടാറുണ്ട്, ഉത്തരത്തിനായി ഞാൻ ശ്രമിക്കാറുണ്ട് .... സത്യങ്ങൾ എന്നായാലും പുറത്തുവരും അതുവരെ നമ്മൾക്ക് ആരിലും എന്തിലും പഴിചാരി കുറച്ചു നാളത്തേക്ക് രക്ഷപ്പെടാം എന്നതേയുള്ളു......

കുറച്ചു നാളുകൾക്കു മുൻപ് ബസിൽ യാത്ര ചെയ്യവേ കണ്ടക്ടർ എനിക്ക് ടിക്കറ്റ് തന്നില്ല(ക്യാഷ് കൊടുക്കാത്തത് കൊണ്ടല്ല കേട്ടോ...), അപ്പോൾ എന്റെ അടുത്തിരുന്ന ആൾക്ക് സംശയം ആയി... അയാൾക്കും കണ്ടക്ടർ ടിക്കറ്റ് കൊടുത്തിട്ടില്ലായിരുന്നു..... കണ്ടക്ടർ പണം സ്വന്തം കിശയിൽ ആക്കാൻ ആണോ ഇങ്ങനെ ചെയ്യുന്നത് എന്നോ, കാശ് കൊണ്ട് കണ്ടക്ടർക്ക് സുഖമായി കഴിയാം എന്നോ എന്നൊക്കെ ഭാവനയിൽ കണ്ടുകൊണ്ട് എന്ത് വേണമെങ്കിലും അയാൾക്ക് സംശയിക്കാമല്ലോ....

ബസിൽ പിന്നെ അയാൾ കണ്ടക്ടറുമായി ബഹളം ആയി, അയാൾക്ക് ടിക്കറ്റ് കൊടുക്കാൻ പറഞ്ഞു... ബസിന്റെ മുൻപിൽ ടിക്കറ്റ് ഉണ്ടെന്ന് കണ്ടക്ടർ പറയുന്നത് അല്ലാതെ എടുത്തു കൊണ്ട് വരാൻ കണ്ടക്ടർ കൂട്ടാക്കുന്നില്ല.... യാത്രക്കാരൻ പറയുന്നത് ഏറ്റു പിടിക്കുന്നത് മാത്രം മിച്ചം.... അവസാനം യാത്രക്കാരൻ ഉറക്കെ വിളിച്ചു ഡ്രൈവറോട് പറഞ്ഞു ബസ് മുന്നോട്ട് എടുക്കരുത് എന്ന്.... അങ്ങനെ ബസ് കുറച്ചു നേരം കിടക്കാൻ(ബസിനു ഉറക്കം വന്നിട്ടാണോ കിടക്കുന്നതെന്ന് ആരും സംശയിക്കുക ഇല്ലല്ലോ അല്ലേ...)തുടങ്ങിയപ്പോൾ മറ്റൊരു യാത്രക്കാരൻ (കണ്ടക്ടറെ അറിയാവുന്ന വ്യക്തി ആണെന്ന് തോന്നുന്നു, അദ്ദേഹവും ബസിൽ ജോലി ചെയ്യുന്ന വ്യക്തി ആണെന്നൊക്കെ അന്ന് സംസാരത്തിനിടയിൽ പറയുന്നുണ്ടായിരുന്നു) കണ്ടക്ടറുടെ പക്കൽ ഉണ്ടായിരുന്ന ടിക്കറ്റ് തട്ടിപ്പറിച്ചു അതിൽ രണ്ടു ടിക്കറ്റുകൾ വ്യത്യസ്തമായ തുകകൾ ഉള്ളത് ബസിൽ ബഹളം വെച്ച ചേട്ടന് കൊടുത്തിട്ട് പറഞ്ഞു,ഇന്നാ ടിക്കറ്റ് പിടിച്ചോ എന്ന്, ഇപ്പോൾ ചേട്ടന് ടിക്കറ്റ് കിട്ടിയില്ലേ, സമാധാനം ആയില്ലേ എന്ന്.....എന്നിട്ട് പറഞ്ഞു യാത്രക്കാരുടെ സമയത്തിന് വിലയുണ്ട് എന്ന്.....

നമ്മളിൽ പലരും സംശയവുമായി മുന്നോട്ട് വന്നാൽ പലപ്പോഴും ഒറ്റപ്പെടുക പതിവാണ്.... പക്ഷെ സംശയങ്ങൾ പരമാവധി നമ്മൾ ഒഴിവാക്കാൻ ശരിയെത് എന്ന് തിരിച്ചറിയാൻ പഠിക്കണം....

കഴിഞ്ഞ ദിവസം ബൈക്കിന്റെ പുക സർട്ടിഫിക്കറ്റ് എടുക്കാൻ പോയി, എന്റെ കയ്യിൽ കിട്ടിയ സർട്ടിഫിക്കറ്റ് നോക്കിയപ്പോൾ വണ്ടി നമ്പർ മാറിപ്പോയി.... ഉടനെ അവരെ അറിയിച്ചു, അവർ അത് മാറ്റിത്തന്നു.... അവർ ടൈപ്പ് ചെയ്തതിലെ ഒരു വാക്കിന്റെ പിശക് ആണ്..... ഞാൻ അപ്പോൾ സർട്ടിഫിക്കറ്റ് പരിശോധിച്ചില്ല എങ്കിൽ എനിക്ക് സർട്ടിഫിക്കറ്റ് കൊണ്ട് യാതൊരു പ്രയോജനം ഇല്ല എന്നു മാത്രമല്ല, പോലീസ് പരിശോധനയിൽ പിഴ അടക്കേണ്ടി വന്നേക്കാം. സംശയം എന്നിൽ ഉണ്ടായില്ലെങ്കിൽ എനിക്ക് വലിയൊരു വില കൊടുക്കേണ്ടി വന്നേനെ.... വലിയ വില.....

ഞാൻ സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടർ ഞാൻ കൊടുക്കുന്ന ചില്ലറ എണ്ണി നോക്കാറില്ല... അവർക്ക് എന്നേ അത്രക്കും വിശ്വാസം ആണ്.... ഞാൻ ആണെങ്കിൽ ആരെനിക്ക് ക്യാഷ് തന്നാലും എണ്ണി നോക്കാറുണ്ട് എനിക്ക് ആരെയും വിശ്വാസം ഇല്ലാഞ്ഞിട്ടല്ല, എന്നാൽ ആണല്ലോ കൂടുതൽ ആയാലും കുറവ് ആയാലും എനിക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയുകയുള്ളൂ.....

അങ്ങനെ പരിശോധിക്കുമ്പോഴാണ് എനിക്ക് കള്ളനോട്ടുകൾ ആണെങ്കിൽ വാങ്ങിക്കാതെ ഇരിക്കാൻ സാധിക്കുള്ളു....

എനിക്ക് ഒരിടത്തു നിന്നും കളറിൽ മുക്കിയ ഇരുപതു രൂപയുടെ നോട്ട് കിട്ടി, ഞാൻ നോട്ടുമായി ഒത്തിരി സ്ഥലത്ത് കാണിച്ചെങ്കിലും നോട്ട് പോകില്ല(നോട്ട് വരെ ലിജോയോട് സംസാരിച്ചു തുടങ്ങിയോ എന്ന് ആരും സംശയം ചോദിക്കില്ലലോ അല്ലേ )എന്ന് പറഞ്ഞു എന്നേ മടക്കി അയച്ചു..... (ലിജോയെ മടക്കി അയക്കാൻ ഇതെന്താ അഡ്രസ് ഇല്ലാത്ത കത്ത് എങ്ങാനും ആണോ കടയിൽ കൊടുത്തത് എന്നും ആരും സംശയം ചോദിക്കില്ലല്ലോ അല്ലേ...), ഒടുവിൽ ഞാൻ നോട്ട് ബാങ്കിൽ കൊടുക്കാനുള്ള സംവിധാനം ചെയ്തു.....

നമ്മൾ എന്ത് കാര്യത്തിലും സംശയനിവാരണം ചെയ്താൽ മുന്നോട്ടുള്ള കാര്യങ്ങൾ കൂറേ കൂടി എളുപ്പം ആകും....

സംശയം ഒരിക്കലും ഒരു തെറ്റല്ല.... പക്ഷെ എങ്കിൽ ഒരു ആവശ്യവും ഇല്ലാതെ സംശയിച്ചു കൊണ്ടിരുന്നാൽ മുന്നോട്ടുള്ള യാത്ര ഒരു ചോദ്യം ആയി അവശേഷിക്കും.....

ഞാൻ ഇവിടെ സംശയരോഗത്തെ കുറിച്ചു പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല അതു പിന്നീട് ആവാം......

എന്റെ ഇന്നത്തെ എഴുത്തു നീണ്ടു പോയത് എന്തുകൊണ്ടാണ് എന്ന് ഇനി ആർക്കും സംശയം ഉണ്ടാവില്ലല്ലോ അല്ലേ.....

എല്ലാവർക്കും ഉള്ളിന്റെ ഉള്ളിലെ സംശയങ്ങൾ മാറ്റി നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മുടെ മുന്നിലുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം എളുപ്പം കിട്ടിയെന്ന് വരില്ല..... ചില സംശയങ്ങൾ ആണ് നമ്മൾക്ക് ഓരോ കണ്ടുപിടുത്തങ്ങൾക്കും കാരണം ആയിട്ടുള്ളത്....

ഇന്നിപ്പോൾ പല സംവിധാനങ്ങളും വന്നുകൊണ്ടിരിക്കുന്നത് ഓരോ ആളുകളുടെയും സംശയങ്ങൾ ഇല്ലാതെ ആക്കാൻ വേണ്ടിയാണ്......

ഞാൻ ബസിൽ ഇരുന്നു എഴുത്തു തിരുത്തുന്നതിന്റെ ഇടയിൽ ബാഗിന്റെ ഒരു സിബ് തുറന്നു കിടക്കുന്നത് കാണുന്നു, അതെങ്ങനെ സംഭവിച്ചു എന്ന് എന്നിൽ സംശയം ആയി..... ഇനിയിപ്പോൾ ഓർമ്മ കിട്ടാനുള്ള മാർഗം കണ്ടുപിടിക്കണം..... സംശയം അപ്പപ്പോൾ തീർക്കാൻ.....

എഴുത്തു ഇനി എപ്പോൾ അവസാനിക്കും എന്ന് ആരും സംശയിക്കേണ്ട.... ഇന്നത്തെ എഴുത്തു കഴിഞ്ഞു..ശുഭം....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Limitations live only in our minds.But if we use our imaginations,our possibilities become limitless.-Jamie Paolinetti.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN